Watch and track your favorite playlist.
Curated by: Julius Manuel (301 videos)
1592 ൽഗോവയിൽ നിന്നും പുറപ്പെട്ട മാദ്രെ ജെ ദേവൂസ് (Madre de Deus) എന്ന് പേരുള്ള ഒരു കൂറ്റൻ പോർട്ടുഗീസ് ചരക്ക് കപ്പൽ അറ്റലാന്റിക് സമുദ്രത്തിലുള്ള ഫ്ലോർസ് (Flores Island) ദ്വീപിൽ വെച്ച് ഇംഗ്ലീഷുകാർ പിടിച്ചെടുത്തു. ചൈന, ജപ്പാൻ, ഇന്തോനേഷ്യ, ശ്രീലങ്ക, ഇന്ത്യ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും പോർട്ടുഗീസുകാർ സംഭരിച്ച ടൺ കണക്കിന് ചരക്കുകളായിരുന്നു ആ കപ്പലിൽ ഉണ്ടായിരുന്നത്. മാദ്രെ ജെ ദേവൂസ് എന്നാൽ ദൈവമാതാവ് അഥവാ സെന്റ് മേരി എന്നാണ് അർത്ഥം. തൊള്ളായിരം ടൺ കാർഗോ വഹിക്കുവാൻ ശേഷിയുണ്ടായിരുന്ന ഈ കപ്പലിൽ 420 ടൺ കുരുമുളകും , 45 ടൺ ഗ്രാമ്പൂവും, 35 ടൺ കറുവാപ്പട്ടയും , 6 ടൺ ജാതിക്കയും, ജാതിപത്രിയും ഉണ്ടായിരുന്നു. കൂടാതെ ദേവദാരു കൊണ്ടുണ്ടാക്കിയ പെട്ടികളിൽ കോഴിക്കോട് ഉണ്ടാക്കിയിരുന്ന കാലിക്കോ (Calico) തുണികളിൽ പൊതിഞ്ഞ രീതിയിൽ സ്വർണ്ണവും, വെള്ളിനാണയങ്ങളും, രത്നങ്ങളും, പവിഴങ്ങളും ഉണ്ടായിരുന്നു. ഏതാണ്ട് അര മില്യൻ പൗണ്ടിന് തുല്യമായ കാർഗോ ആണ് കപ്പലിൽ ഉണ്ടായിരുന്നത്. ഇത് അന്നത്തെ ഇംഗ്ലീഷ് ഖജനാവിന്റെ പകുതിയോളം വരുമായിരുന്നു. പിടിച്ചെടുത്ത ശേഷം ഇത് ഡാർട്ട്മത് (Dartmouth, Devon) തുറമുഖത്തേക്കാണ് കൊണ്ടുപോയത്. അവിടെയുണ്ടായിരുന്ന ‘മാന്യന്മാരായ‘ ഇംഗ്ലീഷുകാർ കപ്പലിൽ കയറി മോഷണവും, കൊള്ളയടിയും തുടങ്ങി. അവസാനം പട്ടാളക്കാർ വന്നു ആളുകളെ തുരത്തിയോടിച്ച ശേഷം കണക്കെടുത്തപ്പോൾ ബാക്കിയുണ്ടായിരുന്നത് ഒരുലക്ഷത്തിനാൽപ്പതിനായിരം പൗണ്ടിനു തുല്യമായ സാധനങ്ങൾ മാത്രമാണ്. ഇന്ത്യയുൾപ്പെടെയുള്ള കിഴക്കൻ രാജ്യങ്ങളിൽ എത്രത്തോളം സമ്പത്തുണ്ടാവുമെന്ന് ഇംഗ്ലീഷുകാർക്ക് അപ്പോൾ മാത്രമാണ് മനസ്സിലായത്. പിന്നീട് 103 വർഷങ്ങൾക്ക് ശേഷമാണ് മറ്റൊരു സംഭവം നടന്നത്. 1695 ൽ കുപ്രസിദ്ധ കടൽക്കൊള്ളക്കാരൻ ഹെൻറി എവ്റി (Henry Every) മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ ഗഞ്ജയ് സവായ് (Ganj-i-Sawai) എന്ന ചരക്കുകപ്പൽ പിടിച്ചെടുത്തു. ഏതാണ്ട് ആറുലക്ഷം പൗണ്ട് വരുന്നത്ര ചരക്കാണ് ആ കപ്പലിൽ ഉണ്ടായിരുന്നത്. അതുവരെയും കുഴപ്പമില്ലാതെ പോയിരുന്ന ഇംഗ്ലീഷ് - മുഗൾ കച്ചവട ബന്ധം അതോടെ വഷളായി. കടൽക്കൊള്ളക്കാരെ നിലയ്ക്ക് നിർത്തിയില്ലെങ്കിൽ ഇംഗ്ലണ്ടിനു കിട്ടേണ്ട മുതൽ വല്ലവഴിക്കും പോകുമെന്ന് അവർക്ക് പിടികിട്ടി. പണ്ട് സ്പെയിനിട്ടും, പോർച്ചുഗല്ലിനിട്ടും, അറബികൾക്കിട്ടും കൊടുത്ത പണി തിരിച്ചു കിട്ടിയപ്പോഴാണ് ഇംഗ്ലീഷുകാർക്ക് അതിന്റെ രുചി മനസ്സിലായത്.