Watch and track your favorite playlist.
Curated by: Julius Manuel (301 videos)
Sadlermiut അന്യംനിന്ന് പോയ ഒരു മനുഷ്യഗോത്രത്തിലെ അവസാനത്തെ രണ്ട് കുട്ടികളെയാണ് ഈ ചിത്രത്തിൽ കാണുന്നത്. സാലിർമിയൂട്ട് (Sadlermiut) എന്ന ഒരു ഇന്യൂട്ട് അല്ലെങ്കിൽ എസ്കിമോ വിഭാഗത്തിലാണ് ഈ കുട്ടികൾ ഉണ്ടായിരുന്നത്. കാനഡയിലെ ആർട്ടിക് ഭാഗത്തുള്ള ഹഡ്സൺ ഉൾക്കടലിൽ (Hudson Bay) സ്ഥിതിചെയ്യുന്ന ചില ദ്വീപുകളിലാണ് മറ്റ് ഇന്യൂട്ട് വർഗ്ഗക്കാരുമായി യാതൊരു സമ്പർക്കവുമില്ലാതെ ഇവർ കഴിഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ ആർട്ടിക് ഭാഗങ്ങളിൽ കഴിഞ്ഞിരുന്ന മറ്റ് മനുഷ്യർക്ക് ഇവരുടെ ഭാഷപോലും മനസ്സിലാക്കുവാൻ സാധിക്കുമായിരുന്നില്ല. 1824ൽ HMS ഗ്രിപ്പർ (HMS Griper) എന്ന ബ്രിട്ടീഷ് കപ്പൽ ഹഡ്സൺ ഉൾക്കടലിൽ തന്നെയുള്ള കോട്ട്സ് ദ്വീപിൽ അടുത്തപ്പോഴാണ് (Coats Island) ഇവരെക്കുറിച്ച് ആദ്യമായി നാം അറിയുന്നത്. പിന്നീട് ഈ ദ്വീപിൽ എത്തിച്ചേർന്ന തിമിംഗിലവേട്ടക്കാരും ഇവരെക്കുറിച്ച് റിപ്പോർട്ട് ചെയ്തു. വേട്ടക്കാരുടെ കൂടെയുണ്ടായിരുന്ന മറ്റ് എസ്കിമോകൾക്ക് ഇവരുടെ ഭാഷ മനസ്സിലാകുന്നുണ്ടായിരുന്നില്ല. മീനുകളെയും, കരീബുകളെയും, സീലുകളെയും, ധ്രുവക്കരടികളെയും വേട്ടയാടിയാണ് ഇവർ ജീവിച്ചിരുന്നത്. എന്നാൽ മറ്റ് ഇന്യൂട്ട് വർഗ്ഗക്കാരെപ്പോലെ ഇവർ തിമിംഗിലവേട്ട നടത്തിയിരുന്നില്ല. സൈബീരിയയിൽ നിന്നും അലാസ്ക്കൻ, കനേഡിയൻ ഭാഗങ്ങളിലെത്തിയ ആദ്യഗ്രൂപ്പ് മനുഷ്യരിൽപെടുന്ന ഇവർ മറ്റ് ആളുകളെ ഭയന്നിട്ടാവണം ഒറ്റപ്പെട്ട ദ്വീപുകളിൽ താമസമാക്കിയത്. 1896ൽ ഇവരിൽ 70 പേർ മാത്രമാണ് അവശേഷിച്ചിരുന്നത്. എന്നാൽ 1902ൽ ബ്രിട്ടീഷ് തിമിംഗിലവേട്ടക്കപ്പലായ Active ഇതിനടുത്തുള്ള സതാംപ്റ്റൺ (Southampton Island) ദ്വീപിൽ എത്തിയതോടെ കപ്പലിലെ നാവികരിൽ നിന്നും ടൈഫോയിഡ് പോലുള്ള രോഗങ്ങൾ ഇവരിലേക്ക് പടർന്ന് പിടിക്കുകയും അവസാനം ഒരു സ്ത്രീയും നാല് കുട്ടികളും മാത്രം ജീവനോടെ അവശേഷിക്കുകയും ചെയ്തു. അവരെ അവിടെ നിന്നും മാറ്റിയെങ്കിലും ഒടുക്കം ചിത്രത്തിൽകാണുന്ന രണ്ട് കുട്ടികൾ മാത്രമാണ് രക്ഷപ്പെട്ടത്. എന്നാൽ അവരും അധികകാലം ജീവിച്ചിരുന്നില്ല. സതാംപ്റ്റൺ ദ്വീപിലെ നേറ്റീവ് പോയിന്റിൽ ഇവർ താമസിച്ചിരുന്ന കുടിലിന്റെ അവശിഷ്ടങ്ങൾ മാത്രമാണ് ഇന്ന് ഇവരെക്കുറിച്ചുള്ള ഓർമകളായി അവശേഷിക്കുന്നത്. @JuliusPodcast